
ലക്നൗ: വിവാഹസർക്കാരത്തിനിടെ ഉണ്ടായ നിസ്സാര തർക്കം ദാരുണ കൊലപാതകത്തിലേക്ക് വഴിമാറി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. സുമിത്ത് എന്ന ഇരുപത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഭക്ഷണത്തിനിടെ ചിക്കൻ ലെഗ് പീസ് ലഭിക്കാത്തതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റമാണ് ഒടുവിൽ യുവാവിന്റെ മരണത്തിൽ കലാശിച്ചത്. ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
മുനിസിപ്പൽ ജീവനക്കാരന്റെ മകളുടെ വിവാഹച്ചടങ്ങിനിടെയായിരുന്നു ആദ്യം തർക്കത്തിന്റെ തുടക്കം. ഡിജെ ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ചില അതിഥികൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. പിന്നീട് അത്താഴസമയത്ത് ഒരു അതിഥിക്ക് ചിക്കൻ ലെഗ് പീസ് ലഭിക്കാത്തതിനെ തുടർന്ന് വാക്കേറ്റം രൂക്ഷമായി. നിമിഷങ്ങൾക്കകം സംഘർഷം നിയന്ത്രണംവിട്ട് ഇരുവിഭാഗങ്ങളും കല്ലുകൾ, ബെൽറ്റുകൾ, മുളവടികൾ, വാളുകൾ എന്നിവ ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു. വിവാഹവേദി കലാപസമാനമായ അവസ്ഥയിലേക്കാണ് മാറിയത്.
സംഘർഷത്തിനിടെ വരന്റെ ബന്ധുവായ 25-കാരൻ സുമിത്തിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മൂന്ന് മാസം മുൻപാണ് സുമിത്തിന്റെ വിവാഹം കഴിഞ്ഞത്. മൊബൈൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന സുമിത്തായിരുന്നു കുടുംബത്തിന്റെ ആശ്രയം. സംഭവത്തിൽ മറ്റൊരു യുവാവിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ഇരയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുമിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി സിറ്റി എസ്.പി നിമിഷ് പാട്ടീൽ അറിയിച്ചു. ശരീരത്തിൽ പുറത്തേക്കുള്ള ആഴത്തിലുള്ള മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ആന്തരിക പരിക്കുകളാണോ മരണകാരണമെന്ന് വിശദമായ പരിശോധനയ്ക്കുശേഷമേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.










